
കൊച്ചി: ജ്യോതി ലബോറട്ടറീസിന്റെ മാനേജിങ് ഡയറക്ടറായി എം.ആര്‍.ജ്യോതിയെ നിയമിച്ചു. തീരുമാനം ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. കമ്പനി സ്ഥാപകന്‍ എം.പി. രാമചന്ദ്രന്റെ മകളാണ്. അദ്ദേഹം കമ്പനിയുടെ ചെയര്‍മാന്‍ ഇമെരിറ്റസ് ആയി നേതൃത്വത്തില്‍ തുടരും. നിലവില്‍ ഡയറക്ടറും ചീഫ് മാര്‍ക്കറ്റിങ് ഓഫിസറുമാണു ജ്യോതി. ഹെന്‍കോ, പ്രില്‍, മാര്‍ഗോ തുടങ്ങിയ ബ്രാന്‍ഡുകള്‍ സംയോജിപ്പിക്കുന്നതിലും ഹെന്‍കല്‍ ഇന്ത്യയെ ഏറ്റെടുത്തതിനുശേഷമുള്ള പ്രവര്‍ത്തനങ്ങളിലും പ്രധാന പങ്കു വഹിച്ചു. പുതുമയിലൂടെ ബ്രാന്‍ഡുകള്‍ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനും തുടര്‍ച്ചയായ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമാകും തന്റെ മുഖ്യ പരിഗണനയെന്ന് ജ്യോതി പറഞ്ഞു. പുറമേ, വില്‍പനയും വിതരണവും കൂടുതല്‍ ശക്തമാക്കുകയും ചെയ്യുമെന്ന് കൂട്ടിച്ചേര്‍ത്തു.
ജ്യോതി ലബോറട്ടറീസ് വിജയഗാഥ
1983 ല്‍ തൃശൂര്‍കാരനായ എം.പി. രാമചന്ദ്രന്‍ സ്ഥാപിച്ചതാണ് ജ്യോതി ലബോറട്ടറീസ്. തന്റെ ഇളയ മകളുടെ പേരില്‍, 5000 രൂപയുടെ പ്രാരംഭ നിക്ഷേപവുമായി പ്രവര്‍ത്തനമാരംഭിച്ച കമ്പനി ജനങ്ങളുടെ ജീവിതത്തെ തൊടുന്ന രീതിയിലുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണമാണ് ലക്ഷ്യം വച്ചത്. ഒരൊറ്റ ജില്ലയില്‍ ഒരൊറ്റ ഉല്‍പ്പന്നത്തിന്റെ നിര്‍മ്മാണവും വിതരണവും നടത്തി ചെറുകിട ബിസിനസായി ആരംഭിച്ച പ്രസ്ഥാനം, ഇന്ന് രാജ്യവ്യാപകമായി മള്‍ട്ടി ബ്രാന്‍ഡ്, മള്‍ട്ടി പ്രോഡക്ട് എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. 1600 കോടി രൂപയുടെ വിറ്റുവരവുള്ള വിശ്വസ്തമായ കമ്പനിയായി വിപണിയില്‍ ഇടംപിടിച്ച് കഴിഞ്ഞു.
ഉജാലയുടെ നിര്‍മ്മാണത്തോടെയാണ് ജ്യോതി ലബോറട്ടറീസ് 1983 ല്‍ ജൈത്രയാത്ര തുടങ്ങുന്നത്. 1984 ല്‍ തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 6 സെയില്‍സ് ഗേള്‍സ് അടങ്ങുന്ന മാര്‍ക്കറ്റിംഗ് ടീം വീടുകള്‍ തോറും കയറിയിറങ്ങി ഉജാല വിറ്റു. പിന്നീട് 1987 ല്‍ ഉജാലയുടെ വിതരണം തമിഴ്‌നാട്ടിലേക്കും കടന്നു. തുടര്‍ന്ന ആന്ധ്രാപ്രദേശിലും കര്‍ണ്ണാടകയിലും 1991 ല്‍ ഉജാല സമാരംഭിച്ചു. 1992 ല്‍ ചെന്നൈ ഫാക്ടറിയിലൂടെ കമ്പനി ലാഭം നേടാന്‍ തുടങ്ങുകയും പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയും ചെയ്തു. അങ്ങനെ ജ്യോതി ലബോറട്ടറീസ് ഫാക്ടറി ഔദ്യോഗികമായി 1993 ല്‍ ചെന്നൈയില്‍ ആരംഭിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ഉജാലയുടെ നിര്‍മ്മാണം ആരംഭിച്ചു. തൊട്ടടുത്ത വര്‍ഷം പശ്ചിമ ബംഗാളിലും ഉജാല നിലയുറപ്പിച്ചു. അതിനടുത്ത വര്‍ഷം പോണ്ടിച്ചേരിയില്‍ ഉല്‍പ്പാദന പ്ലാന്റ് സ്ഥാപിച്ചു. 1997 ഓടെ രാജ്യവ്യാപകമായി ഉജാല സ്ഥാനം നേടി. 2000ത്തോടെ മാക്‌സോ, എക്‌സോ തുടങ്ങിയ വീട്ടാവശ്യങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്കും അവര്‍ കടന്നു. തൂടര്‍വര്‍ഷങ്ങളില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളിലേക്കും ഉല്‍പ്പാദന ശാലകളിലേക്കും അവര്‍ ശ്രദ്ധ ചെലുത്തി. 2008 ല്‍ മുംബൈയില്‍ ഉജാല ഹൗസ് സ്ഥാപിതമായി. ഒപ്പം ഉജാല സ്റ്റിഫ് ആന്‍ഡ് ഷൈന്‍ രാജ്യവ്യാപകമാകുകയും ചെയ്തു. ഉജാല ടെക്‌നോ ബ്രൈറ്റ് ഡിറ്റര്‍ജന്റ് പൗഡറിന്റെ ബ്രാന്‍ഡ് അംബാസിഡറായി 2010 ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തി. നിലവില്‍ ഉജാല, മാര്‍ഗോ, മാക്സോ, എക്സോ, ഹെന്‍കോ, പ്രില്‍ എന്നീ ബ്രാന്‍ഡുകളുടെ ഉടമകളാണ് ജ്യോതി ലബോറട്ടറീസ്. രാജ്യത്തുടനീളം 21 സ്ഥലങ്ങളിലായി 25 നിര്‍മ്മാണശാലകളുമായി ഇന്ത്യയിലെ പ്രധാന എഫ്എംസിജി കമ്പനിയായി മാറി. പാത്രം കഴുകുന്നതും,തുണി കഴുകുന്നതും ഉള്‍പ്പടെ മറ്റ് ധാരാളം ഉല്‍പ്പന്നങ്ങളുമായി ആറ് വിഭാഗങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വരുന്നു.
അര്‍ഹതയ്ക്കുള്ള അംഗീകാരങ്ങള്‍
കഠിനാധ്വാനവും കഴിവും കൊണ്ട് വളര്‍ത്തിയെടുത്ത ജ്യോതി ലബോറട്ടറീസിനെ തേടി നിരവധി അംഗീകാരങ്ങളുമെത്തി. 2016 ല്‍ സാം ബാല്‍സാര ജൂറിയായ സമിതി മീഡിയ,അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ് എന്നീ മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 50 സ്ത്രീകളിലൊന്നായി ജ്യോതി ലബോറട്ടറീസിന്റെ ജ്യോതിയെ തെരഞ്ഞെടുത്തു. 2013 ല്‍ എമര്‍ജിംഗ് ഇന്ത്യ അവാര്‍ഡും, 2014 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡും(ഹെന്‍കോ), ഐഡിസി അവാര്‍ഡും ജ്യോതി ലബോറട്ടറീസ് നേടി. 2013 ല്‍ തന്നെ എക്‌സോ പ്രോഡക്ട് ഓഫ് ദ ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കി. ഇന്ത്യ സ്റ്റാര്‍ പാക്കേജിംഗ് അവാര്‍ഡ് 2014, ഹെന്‍കോ സ്വന്തമാക്കി. ആറാമത് ബ്രാന്‍ഡ് ഐക്കണ്‍ ഇവന്റില്‍ ജ്യോതി ലബോറട്ടറീസ് സ്ഥാപകന്‍ എം.പി. രാമചന്ദ്രന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ലഭിക്കുകയുണ്ടായി. പിന്നെയും എണ്ണം പറഞ്ഞ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ അവരെ തേടിയെത്തി. ഏറ്റവും ഒടുവിലായി 2018 ല്‍ ദ ഗ്രേറ്റെസ്റ്റ് മാര്‍ക്കറ്റിംഗ് ഇന്‍ഫ്‌ളുവന്‍സേഴ്‌സ് അവാര്‍ഡ് ജ്യോതിയെത്തേടി എത്തി. ഈ മേഖലയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികവ് പുലര്‍ത്തുന്നവരെ ആദരിക്കുന്ന ഒന്നാണിത്.
ജ്യോതിയിലൂടെ ജ്യോതി ലബോറട്ടറീസ്...
2020 ഏപ്രില്‍ ഒന്നിന് എം.ഡിയായി ചുമതലയേല്‍ക്കുന്ന ജ്യോതി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനിയോടോപ്പം സഞ്ചരിച്ച് വിജയത്തിന്റെ ഭാഗഭാക്കായിരുന്നു. അതിനാല്‍ കമ്പനിയുടെ വളര്‍ച്ചയ്ക്കാകും കൂടുതല്‍ ഊന്നല്‍ നല്‍കുക. 36 വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ കമ്പനി പുതിയ ലോഗോ പുറത്തിറക്കി. 5000 രൂപയുടെ പ്രാരംഭ നിക്ഷേപവുമായി പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,769 കോടി രൂപയുടെ വിറ്റുവരവും 193 കോടി രൂപയുടെ അറ്റാദായവുമാണു നേടിയത്.